ആരോഗ്യത്തിന് നല്ലതാ, നല്ലോണം കഴിച്ചോ; മുരിങ്ങക്കയുടെ പോഷകഗുണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുരിങ്ങക്കയുടെ പോഷകഗുണങ്ങളെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഫിറ്റ് ഇന്ത്യ സംവാദത്തിനിടെയാണ് മുരിങ്ങക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും താന്‍ ഉണ്ടാക്കുന്ന മുരിങ്ങക്കാ പറാത്തയെക്കുറിച്ചും മോഡി പറഞ്ഞത്.

കായികതാരങ്ങളടക്കമുള്ളവര്‍ സംവാദത്തില്‍ പങ്കെടുത്തു. കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചാ വിഷയം. പ്രശസ്ത ക്രിക്കറ്റ് താരം കോഹ്ലി തന്റെ വ്യായാമ ജീവിതത്തെക്കുറിച്ച് സംവാദത്തില്‍ സംസാരിച്ചു.

യഥാര്‍ഥത്തില്‍ ‘ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനര്‍ഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണ’മെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജാവലിന്‍ താരം ജജാരിയ, ഫുട്ബോള്‍ താരം അഫ്സാന്‍ ആഷിക്ക്, മോഡല്‍ മിലിന്ദ് സോമന്‍, സ്വാമി ശിവധ്യാനം സരസ്വതി, വിദ്യാഭ്യാസവിദഗ്ധന്‍ മുകുള്‍ കനിത്കര്‍ എന്നിവരും വ്യായാമത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രിയുമായി ഏറെനേരം സംവദിച്ചു.

Exit mobile version