ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്‍പില്‍ പെട്ടു; രണ്ട് വയസുകാരന് അത്ഭുത രക്ഷ, ലോക്കോ പൈലറ്റിന്റെ ഇടപെടലും തുണച്ചു, സംഭവം ഇങ്ങനെ

ലഖ്നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്‍പില്‍പ്പെട്ട രണ്ട് വയസുകാരന് അത്ഭുത രക്ഷ. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് രണ്ട് വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഹരിയാനയിലാണ് അമ്പരപ്പിക്കുന്ന സംഭവം.

ഫരീദാബാദിലെ ബല്ലാബ്ഗര്‍ സ്റ്റേഷന് സമീപത്തുള്ള റെയില്‍വെ പാളത്തിലാണ് കുട്ടി അപകടത്തില്‍ പെട്ടത്. കുട്ടിയുടെ അടുത്തുണ്ടായിരുന്ന കൗമാരപ്രായക്കാരനാണ് കളിച്ചു കൊണ്ടിരിക്കവെ, രണ്ട് വയസുകാരനെ ഗുഡ്സ് ട്രെയിനിന് മുമ്പില്‍ തള്ളിയിട്ടത്. പാളത്തില്‍ കുട്ടിയെ കണ്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് സംവിധാനം പ്രവര്‍ത്തിപ്പിച്ചുവെങ്കിലും കുട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ട്രെയിന്‍ നില്‍ക്കുകയായിരുന്നു.

കുട്ടി അടിയില്‍ പെട്ടുവെന്ന പരിഭ്രമത്തില്‍ ട്രെയിന്‍ നിന്നയുടനെ ലോക്കോ പൈലറ്റ് ദീവാന്‍ സിങ്ങിനും അസിസ്റ്റന്റ് അതുല്‍ ആനന്ദിനും ചാടിയിറങ്ങി. ഒരു പോറല്‍ പോലുമേല്‍ക്കാത്ത കുട്ടിയെ കണ്ട് ആദ്യം അവിശ്വസനീയമായി തോന്നിയെങ്കിലും അടുത്ത നിമിഷം അവര്‍ക്ക് ആശ്വാസമായി. ഉടന്‍ തന്നെ കുട്ടിയെ എടുത്ത് അമ്മയ്ക്ക് കൈമാറുകയും ചെയ്തു.

കുട്ടിയെ പാളത്തിന് നടുക്ക് കണ്ടയുടനെ എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചതായും ട്രെയിന്‍ നിര്‍ത്തിയിറങ്ങിയപ്പോള്‍ എന്‍ജിന് താഴെയായി കുട്ടിയെ കണ്ടെത്തിയതായും ദീവാന്‍ സിങ്ങും അതുല്‍ ആനന്ദും റെയില്‍വെ അധികൃതര്‍ക്ക് കൈമാറിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഇരുവര്‍ക്കും പാരിതോഷികം നല്‍കുമെന്ന് റെയില്‍വെ വക്താവും പ്രതികരിച്ചു.

Exit mobile version