മോഡി ഉണ്ടാക്കിയ ദുരന്തങ്ങള്‍ക്കുകീഴില്‍ ഇന്ത്യ തേങ്ങുന്നു, കേന്ദ്രത്തിനെതിരെ പട്ടികയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രത്തെ വീണ്ടും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജിഡിപിയില്‍ വന്‍ ഇടിവു വന്നതിനു പിന്നാലെയാണ് മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

മോഡി ഉണ്ടാക്കിയ ദുരന്തങ്ങള്‍ക്കുകീഴില്‍ ഇന്ത്യ തേങ്ങുകയാണെന്ന് രാഹുല്‍ പറഞ്ഞു. ആറു കാരണങ്ങള്‍ക്കൂടി രാഹുല്‍ തന്റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്ക്, 12 കോടി തൊഴില്‍ നഷ്ടം എന്നിവയാണ് അതില്‍ രണ്ടെണ്ണം.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശിക നല്‍കാതെ കേന്ദ്രത്തിന്റെ ഒളിച്ചുകളി, ആഗോളതലത്തിലെ ദിവസേനയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളും മരണവും, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ എന്നിവയും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയ മോദിനിര്‍മിത ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നു.

നേരത്തേ, സമ്പദ് വ്യവസ്ഥയില്‍ കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി ‘ദൈവത്തിന്റെ പ്രവൃത്തി’യാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മിതമായ ദുരന്തങ്ങള്‍ക്ക് ദൈവത്തെ പഴിചാരരുതെന്നാണ് ചിദംബരം പറഞ്ഞത്.

2020-21 വര്‍ഷത്തെ ആദ്യ പാദത്തെ ജിഡിപി ഓഗസ്റ്റ് 31നാണ് കേന്ദ്രം പുറത്തുവിട്ടത്. 40 വര്‍ഷത്തെ ഏറ്റവും താഴ്ചയിലേക്കാണ് ജിഡിപി കൂപ്പുകുത്തിയത് 23.9%.

Exit mobile version