അല്ല, പ്രധാനമന്ത്രി എന്താ ക്വാറന്റീനില്‍ പോകാത്തത്?; ചോദ്യം ചെയ്ത് ശിവസേന

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്യുകയാണ് ശിവസേനയുടെ മുഖപത്രമായ സാമ്ന.

നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും സമ്പര്‍ക്കമുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തുകൊണ്ടാണ് ക്വാറന്റൈനില്‍ പോവാത്തതെന്ന് ശിവസേന ചോദിക്കുന്നു. 75കാരനായ മഹന്ത് നൃത്യ മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂമിപൂജ വേദിയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അദ്ദേഹത്തോട് അടുത്ത് ഇടപെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ബഹുമാനത്തോടെ നൃത്യ ഗോപാല്‍ ദാസിന്റെ കൈപിടിക്കുകയും ചെയ്തു. മഹന്ത് നൃത്യക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്നാണ് സാമ്‌നയുടെ മുഖപ്രസംഗം പറയുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കോവിഡ് ബാധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണ്. ഡല്‍ഹി ഒരിക്കലും അത്രയും ഭയപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

Exit mobile version