കൊവിഡ് കാലത്ത് ഓട്ടമില്ല, വരുമാനവും; എങ്കിലും യാത്രക്കാർ മറന്ന് വെച്ച 1.4 ലക്ഷം കണ്ട് കണ്ണുമഞ്ഞളിച്ചില്ല; ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോഡ്രൈവർ; ഹബീബിന്റെ നന്മയ്ക്ക് അഭിനന്ദനം

ഹൈദരാബാദ്: ദുരിതകാലത്തും പ്രതീക്ഷകളും അതിജീവിക്കാനാകുമെന്ന ഉറപ്പും പകർന്നു നൽകുന്നത് മുഹമ്മദ് ഹബീബിനെ പോലുള്ളവരുടെ നന്മനിറഞ്ഞ പ്രവർത്തികളുമാണ്. ഈ പ്രതിസന്ധി കാലത്ത് കൈയ്യിൽ വന്നുചേർന്ന ഒന്നരലക്ഷത്തോളം രൂപ സ്വന്തമാക്കായിരുന്നിട്ടും അതിന് മുതിരാതെ ഉടമസ്ഥരെ കണ്ടെത്തി നൽകാൻ ഓടി നടന്നാണ് ഓട്ടോ ഡ്രൈവറായ ഹബീബ് വ്യത്യസ്തനായത്. തന്റെ ഓട്ടോയിൽ കയറിയ യാത്രക്കാർ ആരോ മറന്നുവെച്ച പണമടങ്ങിയ ബാഗുമായി ഉടമയെത്തേടി നഗരം മുഴുവൻ കറങ്ങിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് കൈമാറി ഈ ഓട്ടോക്കാരൻ നന്മയുടെ പര്യായമാവുകയായിരുന്നു. ഹൈദരാബാദിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മുഹമ്മദ് ഹബീബ്.

കൊവിഡ് 19കാലത്ത് ദിവസവേതനത്തിനായി ഓടിക്കുന്ന ഓട്ടോയ്ക്ക് സവാരികൾ ലഭിക്കുക തന്നെ ബുദ്ധിമുട്ടായിരുന്നു. ഓട്ടോയുടെ ഉടമയ്ക്ക് ദിവസേനെ നൽകാനുള്ള വാടകയും കിഴിച്ച് ബാക്കി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഹബീബ് പോറ്റിയിരുന്നത്.

സംഭവദിവസം ഓട്ടോയുമായിറങ്ങിയ ഹബീബിനെ സിദ്ദിയാംബർ ബസാറിലേക്ക് രണ്ടു സ്ത്രീകൾ ഓട്ടം വിളിച്ചിരുന്നു. അവരെ സ്ഥലത്തിറക്കി തിരികെ മടങ്ങിയ ഹബീബ് വെളളം കുടിക്കാനായി കുപ്പിയെടുക്കാൻ ബാക് സീറ്റിന്റെ അടുത്തെത്തിയപ്പോഴാണ് സീറ്റിലെ ബാഗ് കാണുന്നത്. ബാഗിലെന്താണെന്നറിയാതെ ഭയന്ന ഹബീബ് ഉടൻ സ്ത്രീകളെ ഇറക്കിയ ഇടത്തേക്ക് തന്നെ തിരിച്ചുപോയി നോക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല.

തുടർന്ന് തന്റെ ഓട്ടോ ഉടമയുടെ അടുത്തേക്ക് ഹബീബ് എത്തി. രണ്ടുപേരും കൂടി ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതിൽ പണമാണെന്ന് കണ്ടെത്തിയത്. യാത്രക്കാരെ തെരഞ്ഞുനടക്കുന്നതിനേക്കാൾ നല്ലത് പോലീസിനെ സമീപിക്കുകയാണെന്ന് മനസിലാക്കിയ ഹബീബ് ബാഗുമായി പോലീസ് സ്‌റ്റേഷനിലെത്തി. ബാഗ് നഷ്ടപ്പെട്ട സ്ത്രീയും ഹബീബ് എത്തുന്നതിന് മുമ്പുതന്നെ പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. യാത്രക്കാരെ തിരിച്ചറിഞ്ഞ ഹബീബ് ബാഗ് അവരെ ഏൽപ്പിച്ചു.

1.4 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. സന്തോഷസൂചകമായി അവർ 5000 രൂപ ഹബീബിന് സമ്മാനിച്ചു. ‘ബാഗ് തിരിച്ചുകിട്ടിയപ്പോൾ അവർക്ക് വളരെ സന്തോഷമായി. അവർ എന്നോട് നന്ദി പറഞ്ഞു. അവരെ ഇറക്കി മടങ്ങും വഴി യാത്രക്കാർ ഒന്നും ഓട്ടോയിൽ കയറാതിരുന്നത് നന്നായി.’ ഹബീബ് പറയുന്നു. ഹബീബിനെ ഷാളും മാലയും അണിയിച്ച് പോലീസ് ഉദ്യോഗസ്ഥർ ആദരിക്കുകയും ചെയ്താണ് മടക്കി അയച്ചത്. ഓട്ടോയിൽ മറന്നുവെച്ച ബാഗ് ഹബീബ് യാത്രക്കാർക്ക് തിരികെയെത്തിക്കുന്നത് ഇതാദ്യമായല്ല. ഒരും റംസാൻ കാലത്ത് ഒരു ബാഗ് നിറയെ വസ്ത്രങ്ങൾ മറന്നുവെച്ചവർക്ക് ഹബീബ് അത് തിരികെയെത്തിച്ച് നൽകിയിരുന്നു.

Exit mobile version