വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായേനെ; കരിപ്പൂരിലേക്ക് എത്തുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുമായിരുന്നുവെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചതായാണ് വിവരം. 127 പേർ പരിക്കുകളെ തുടർന്ന് ആശുപത്രികളിലുണ്ട്. മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ടേബിൾ ടോപ്പ് എയർപോർട്ടായ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം നിയന്ത്രിച്ച് ഇറക്കാൻ ശ്രമിക്കുന്നതിനിടെ മഴമൂലം തെന്നിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നതെന്നും മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഫ്‌ളൈറ്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് എന്നി വിഭാഗങ്ങളിൽ നിന്നുള്ള അന്വേഷണ സംഘങ്ങൾ സംഭവം നടന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എയർപോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നായി കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു.

Exit mobile version