തന്റെ വിധി കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണ്; കോണ്‍ഗ്രസ് നേതാക്കളുടെ പിടിപ്പുകേട് അതിര്‍ത്തി നിര്‍ണയത്തില്‍ വരെ കാണാം: പ്രധാനമന്ത്രി മോഡി

കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കാരണമാണ് സിഖ് മതവിശ്വാസികള്‍ക്ക് കര്‍ത്താപ്പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നതെന്ന് മോഡി ആരോപിച്ചു.

ഹനുമാന്‍ഗഡ്: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന്റെ പിടിപ്പുകേട് കാരണമാണ് സിഖ് മതവിശ്വാസികള്‍ക്ക് കര്‍ത്താപ്പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നതെന്ന് മോഡി ആരോപിച്ചു. തന്റെ വിധി കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണ്. കോണ്‍ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് സിഖ് ഗുരുദ്വാരയായ കര്‍ത്താര്‍പൂര്‍ പാകിസ്താനിലായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താല്‍ ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഗുരുദ്വാരയിലേക്ക് പോകാന്‍ അവര്‍ക്ക് 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നെന്ന് മോഡി പറഞ്ഞു.

കോണ്‍ഗ്രസിന് ഗുരു നാനാകിന്റെ പ്രാധാന്യം അറിയില്ലെന്നും സിഖ് വികാരങ്ങളോട് ബഹുമാനമില്ലെന്നും മോഡി ആരോപിച്ചു. ഹനുമാന്‍ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോഡിയുടെ പരാമര്‍ശം.

കര്‍ത്താര്‍പൂര്‍ ഇടനാഴി നേരത്തെ തന്നെ തുറന്നു കൊടുക്കേണ്ടതായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു. അതിര്‍ത്തി നിര്‍ണയത്തിന്റെ അപാകത മൂലമാണ് ഗുരുദ്വാര പാകിസ്താനിലായതെന്നും ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.

Exit mobile version