അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജ ഇന്ന്, വെള്ളിയില്‍ തീര്‍ത്ത ശില പാകി പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും, ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് ഔപചാരിക തുടക്കംകുറിക്കും. ഇന്ന് നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് നേര്‍സാക്ഷ്യം വഹിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും ഭൂമിപൂജ ചടങ്ങ് നടക്കുകയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭൂമിപൂജ. ശേഷം വെള്ളിയില്‍ തീര്‍ത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാസ്ഥാപനം നിര്‍വഹിക്കും. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നടും.

പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണ് ഉണ്ടാകുക.

കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. രാവിലെ പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഹനുമാന്‍ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദര്‍ശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയില്‍ പങ്കെടുക്കും.

Exit mobile version