വൈറസ് ബാധിക്കുമോ എന്ന് പേടി, കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ വിട്ടുനല്‍കാതെ ജനങ്ങള്‍, ഒടുവില്‍ വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി ബംഗളൂരു എംപി

ബംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി കര്‍ണാടകയില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കാരിക്കാന്‍ മുന്നിട്ടിറങ്ങി അധികാരികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ് ബംഗളൂരു റൂറലിലെ കോണ്‍ഗ്രസ് എംപി ഡി.കെ.സുരേഷ്.

കനകപുരയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികനാണ് എംപി തന്നെ നേരിട്ടിറങ്ങി ആദരവോടെ വിട നല്കിയത്. ഞായറാഴ്ചയാണ് 73-കാരനായ നരസിംഹ ഷെട്ടി കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ നിന്ന് വൈറസ് പകരുന്നത് സംബന്ധിച്ച് കര്‍ണാടകയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

കോവിഡ് പകരുമെന്ന പേടിയില്‍ കര്‍ണാടകത്തിലുടനീളം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടസ്സപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആളുകള്‍ ശ്മശാനങ്ങള്‍ അനുവദിക്കുന്നില്ല. പലരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇതിനെതിരെ ഒരു ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഡി.കെ.സുരേഷ് എംപിയുടെ നടപടി. കോവിഡ് ബാധിച്ച് മരിച്ച നരസിംഹ ഷെട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഡി.കെ.സുരേഷ് പിപിഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.

Exit mobile version