തെരഞ്ഞെടുക്കപ്പെട്ടവർ കൂറുമാറിയാൽ അഞ്ച് വർഷത്തേക്ക് വിലക്കണം; ഇനിയും ക്ഷമിക്കാനാകില്ല: കപിൽ സിബൽ

ജയ്പൂർ: നിരവധി സംസ്ഥാനങ്ങളിൽ എംഎൽഎമാരുൾപ്പടെ ഉള്ളവരുടെ കൂറുമാറ്റം കാരണം ഭരണപ്രതിസന്ധിയും സർക്കാരിന്റെ വീഴ്ചകളും പതിവായതോടെ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൂറുമാറിയാൽ തക്കതായ ശിക്ഷ നൽകണമെന്ന് അഞ്ച് വർഷത്തേക്ക് ഇത്തരക്കാരെ വിലക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. വെബിനാറിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ നിലപാട് സംശയത്തിന്റെ നിഴലിൽ നിൽക്കെയാണ് കപിൽ സിബലിന്റെ പ്രസ്താവന. ‘ഒരു നിയമത്തിനും കൂറുമാറ്റം തടയാനാവില്ല. കൂറുമാറുന്നവരെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ അയോഗ്യരാക്കുകയുമാണ് വേണ്ടത്. ഈ രണ്ട് കാര്യങ്ങൾ കൊണ്ടേ ഇനി മാറ്റം സംഭവിക്കൂ’, സിബൽ പറഞ്ഞു.

അതേസമയം രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധി തുടരവേ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജ്ഭവനിലെത്തി പിന്തുണ തെളിയിച്ചു. തനിക്ക് 102 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.

Exit mobile version