മുഖ്യമന്ത്രിയോടുള്ള വിയോജിപ്പുകൾ കൂറുമാറ്റമല്ല; ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം: സച്ചിൻ പൈലറ്റ് കോടതിയിൽ

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഹൈക്കോടതിയിൽ. സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 18 എംഎൽഎമാരെയും നിയമസഭയിൽനിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള പരാതിയിൽ ഹൈക്കോടതിയിൽ വാദം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഉന്നയിക്കുന്നത് ആഭ്യന്തര കാര്യമാണെന്നും അതിനെ കൂറുമാറ്റമായി ചിത്രീകരിക്കാനാവില്ലെന്നും സച്ചിൻ പൈലറ്റിനായി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. മുഖ്യമന്ത്രിയോട് വിയോജിക്കുന്നത് വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും സാൽവെ കോടതിയിൽ ഉന്നയിച്ചു.

നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങൾ കൂറുമാറൽ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയിൽ വരില്ല. ഇപ്പോൾ സംഭവിച്ചത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

വസതികളിലും ഹോട്ടൽ മുറികളിലും നടന്ന യോഗങ്ങളിൽ വിപ്പ് ചുമത്താൻ സാധിക്കില്ല. നിയമസഭയിൽ മാത്രമേ വിപ്പിന് നിയമ സാധുതയുള്ളു. അതുകൊണ്ട് സച്ചിൻ പൈലറ്റും മറ്റ് എംഎൽഎമാർക്കും എതിരെ നൽകിയ നോട്ടീസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സ്പീക്കർ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എംഎൽഎമാർ നൽകിയ പരാതിയിലാണ് കോടതി വാദം കേൾക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിയാണ് കോൺഗ്രസിനുവേണ്ടി ഹാജരാവുന്നത്.

Exit mobile version