1000 കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യം; വെറും പതിനൊന്നു ദിവസം കൊണ്ട് അത്യാധുനിക സൗകര്യമുള്ള കോവിഡ് ആശുപത്രി നിര്‍മ്മിച്ച് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: വെറും പതിനൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 1000 കിടക്കകളുള്ള കോവിഡ് ഹോസ്പിറ്റില്‍ നിര്‍മ്മിച്ച് ഡിആര്‍ഡിഒ. ടാറ്റാ സണ്‍സിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഡിആര്‍ഡിഒ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി ഒരുക്കിയത്.

കോവിഡ് ആശുപത്രിയില്‍ 250 ഐസിയു കിടക്കകളാണുള്ളത്. 1,000 കിടക്കകളുള്ള ഈ കേന്ദ്രത്തില്‍ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിന്റെ കിടക്കകള്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിനടുത്തുള്ള വ്യോമസേനാ സ്ഥലത്ത് നിര്‍മിച്ച ആശുപത്രി സായുധ സേനാ മെഡിക്കല്‍ സര്‍വീസസ് ആണ് ഓപ്പറേറ്റ് ചെയ്യുന്നത്.

ആശുപത്രിയിലെ ഐസിയു, വെന്റിലേറ്റര്‍ വാര്‍ഡിന് കേണല്‍ ബി സന്തോഷ് ബാബു വാര്‍ഡ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ പേരുകള്‍ ഡല്‍ഹിയിലെ പുതിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോവിഡ് -19 ആശുപത്രിയുടെ വിവിധ വാര്‍ഡുകള്‍ക്ക് നല്‍കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചു.

അതേസമയം, ഒരേസമയം 10,000 കൊറോണ വൈറസ് രോഗികളെ പാര്‍പ്പിക്കാനും ചികിത്സിക്കാനും ശേഷിയുള്ള കോവിഡ്-19 കെയര്‍ സെന്റര്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിക്കടുത്തുള്ള ഛത്തര്‍പൂര്‍ പ്രദേശത്തെ രാധ സോമി സത്സംഗ് ബിയാസിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) മറ്റ് കേന്ദ്ര സായുധ പൊലീസ് സേനയും (സിഎപിഎഫ്) ഉദ്യോഗസ്ഥരും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Exit mobile version