നവംബര്‍ വരെയല്ല, സൗജന്യ റേഷന്‍ ബംഗാളില്‍ 2021 ജൂണ്‍ വരെ നല്‍കും; മോഡിയെ കടത്തിവെട്ടി മമ്ത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടത്തി വെട്ടി ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി. അടുത്ത ഛാത് പൂജ വരെ രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന മോഡിയുടെ പ്രഖ്യാപനത്തിനു പിന്നാലെ സൗജന്യ റേഷന്‍ ബംഗാളില്‍ 2021 ജൂണ്‍ വരെ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്ത ബാനര്‍ജി.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു മമ്തയുടെ പ്രഖ്യാപനം. കേന്ദ്രം നല്‍കുന്നതിനേക്കാള്‍ ഗുണനിലവാരമുളള റേഷനായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗാളില്‍ 60 ശതമാനം പേര്‍ക്ക് മാത്രമാണ് കേന്ദ്ര റേഷന്‍ ലഭിക്കുന്നത്. രാജ്യത്തെ 80 കോടിയോളം വരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് നവംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിനെയും മമ്ത വിമര്‍ശിക്കുകയും ചെയ്തു.’ ഏതാനും ആപ്പുകള്‍ നിരോധിച്ചതുകൊണ്ട് ഫലമില്ല. ചൈനയ്ക്ക് യോജിച്ച ഒരു മറുപടി കൊടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കണം.’ മമ്ത പറഞ്ഞു.

Exit mobile version