90000ത്തില്‍ അധികം രോഗികള്‍, 24 മണിക്കൂറിനിടെ 2259 കേസുകള്‍, കൊറോണയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരം

മുംബൈ: ശമനമില്ലാതെ രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 90,787 ആയി. 2259 പേര്‍ക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത് 120 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 3289 ആയി. 44849 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. ഇതുവരെ 51,100 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1760 ആണ് മുംബൈയിലെ ആകെ മരണം.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെയും മറികടന്നിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിനനിടയിലാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.

ചൊവ്വാഴ്ച 1685 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി. 21 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 307 ആയി. ചെന്നൈയില്‍ മാത്രം ചൊവ്വാഴ്ച 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയി

Exit mobile version