കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര, സ്ഥിതി അതീവ ഗുരുതരം, 24 മണിക്കൂറിനുള്ളില്‍ 3007 പുതിയ കേസുകള്‍

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര മുന്നേറുന്നു. ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. 85,975 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. 4,638 പേര്‍ മരിച്ചു. എന്നാല്‍ മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം ചൈനയെയും മറികടന്ന് കുതിച്ചുയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3060 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞദിവസം മുംബൈയില്‍ മാത്രം 1421 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 48,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25,717 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. 1636 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ 3000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. 30 പോലീസ് ഉദ്യോഗസ്ഥരാണ് അസുഖ ബാധിതരായി മരിച്ചത്.

Exit mobile version