8 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു: 13 മണിക്കൂര്‍ കഴിച്ചുകൂട്ടിയത് ആംബുലന്‍സില്‍, ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം

ലക്‌നൗ: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് ദാരുണസംഭവം. സര്‍ക്കാര്‍ ആശുപത്രികള്‍ അടക്കം 8 ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സംഭവം.

എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് ഗ്രേറ്റര്‍ നോയ്ഡയിലെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സിനുള്ളില്‍ മരിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടി 13 മണിക്കൂറോളം അലയേണ്ടി വന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

പൂര്‍ണ ഗര്‍ഭിണിയായിരുന്നു നീലം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികില്‍സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിയെങ്കിലും ബെഡ് ഇല്ലെന്ന് കാരണം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് ഇഎസ്‌ഐ ആശുപത്രി, ശാരദ, ഫോര്‍ട്ടിസ്, മാക്‌സ്, ജെപി തുടങ്ങിയ ആശുപത്രികളില്‍ കയറിയിറങ്ങി. ചികില്‍സ നിഷേധിക്കാന്‍ എല്ലാവരും നിരത്തിയത് ബെഡ് ഇല്ലെന്ന വാദമാണെന്ന് കുടുംബം ആരോപിച്ചു.

ഒടുവില്‍ ഗ്രേറ്റര്‍ നോയ്ഡയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിയിലെത്തിയപ്പോഴും പ്രവേശനം ലഭിച്ചില്ല. അപ്പോഴേക്കും നിറവയറുമായി നീലം 13 മണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടിയിരുന്നു. ഒടുവില്‍ മരണവും ആംബുലന്‍സില്‍ വച്ച് തന്നെ സംഭവിച്ചു. ്ര

പതിഷേധത്തെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം അനുവദിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.

രണ്ടാഴ്ച മുന്‍പ് സമാനമായ സംഭവത്തില്‍ ചികില്‍സ കിട്ടാതെ നോയ്ഡയില്‍ നവജാതശിശു മരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ജില്ലാ ഭരണകൂടം രണ്ടു സ്വകാര്യആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

Exit mobile version