പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്

കൊല്‍ക്കത്ത: കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ്. ബംഗാളില്‍ രാത്രി ഏഴുമണിയോടെ പൂര്‍ണമായി കര തൊട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു.

പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ഒഡിഷ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം.

ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ വന്‍സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.

ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയിലെ സത്ഭയയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടാനും തീരുമാനമായി.

കൊല്‍ക്കത്ത നഗരവും അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.

\
അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറന്‍ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Exit mobile version