മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം 30,000 കടന്നു, മരണനിരക്കില്‍ മുന്നില്‍ ഗുജറാത്ത്, തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരം

മുംബൈ: കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 1606 പുതിയ കൊറോണ കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ രോഗബാധിതരുടെ എണ്ണം 30,000 കടന്നു. ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത് 67 പേരാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മുംബൈയിലാണ്. 30706-ല്‍ 18,500 രോഗികളുമാണ് മുംബൈ നഗരത്തിലുള്ളത്.അതേസമയം, കഴിഞ്ഞദിവസം 238 പേര്‍ രോഗമുക്തരായി എന്ന കണക്ക് അല്‍പം ആശ്വാസം തരുന്നു. കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തില്‍ നാലാം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചാലും മുംബൈ, താനെ, പുനെ, മാലേഗാവ്, ഔറംഗബാദ് എന്നിവിടങ്ങളില്‍ ലോക്ക്ഡൗണിന് ഒരു ഇളവും സംസ്ഥാനസര്‍ക്കാര്‍ നല്‍കാനിടയില്ല.

ഗുജറാത്തിലും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 10000 കടന്നു. കഴിഞ്ഞദിവസം 348 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10989 ഇതുവരെ രോഗം ബാധിച്ചത്. 19 പേരാണ് 24 മണിക്കൂറില്‍ മാത്രം മരിച്ചത്. ഇതോടെ, ഗുജറാത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 625 ആയി.

മരണനിരക്കില്‍ രാജ്യത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നതും ഗുജറാത്താണ്. തമിഴ്‌നാട് വീണ്ടും രോഗബാധിതരുടെ കണക്കില്‍ മൂന്നാമതായി. ഇന്ന് മാത്രം തമിഴ്‌നാട്ടില്‍ 477 പേര്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,585 ആയി. ചെന്നൈയില്‍ മാത്രം 332 പേര്‍ക്കാണ് കൊറോണ പുതുതായി സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 74 ആയി.

Exit mobile version