24 മണിക്കൂറിനുള്ളില്‍ 1,576 പുതിയ കേസുകള്‍, കൊറോണയില്‍ പകച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,576 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 49 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1,068 ആയി ഉയര്‍ന്നെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആകെ രോഗബാധിതരുടെ എണ്ണം 29,100 കടന്നു. ആകെ ചികിത്സയിലുള്ളത് 21,467 പേരാണ്. ഇതുവരെ 6,564 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിച്ച മുംബൈയില്‍ മാത്രം 933 പുതിയ കേസുകള്‍ സ്ഥിരീകരിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ 17,512 പേര്‍ക്കാണ് മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 4,658 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളതെന്ന് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 385 കേസുകളാണ്.

Exit mobile version