അന്തർ സംസ്ഥാന യാത്രകൾക്ക് ദേശീയതലത്തിൽ ഇ-പാസ് ഏർപ്പെടുത്തുന്നു; എല്ലാ സംസ്ഥാനങ്ങൾക്കും പൊതുസംവിധാനം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പശ്ചാത്തലത്തിൽ അന്തർസംസ്ഥാന യാത്രകൾക്ക് ദേശീയ ഇപാസ് ഏർപ്പെടുത്തുന്നു. ഇപ്പോൾ കേരളമടക്കം ഓരോ സംസ്ഥാനവും പ്രത്യേകം പോർട്ടലുകൾ തയ്യാറാക്കിയാണ് ഇ-പാസ് നൽകുന്നത്. വിവിധ സംസ്ഥാനാതിർത്തികളിൽ യാത്രക്കാരും അധികൃതരും തമ്മിൽ തർക്കങ്ങളുണ്ടായ പശ്ചാത്തലത്തിൽക്കൂടിയാണ് ഇക്കാര്യം കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നത്. ഇതിന്റെ സാധ്യതകളെപ്പറ്റി ആഭ്യന്തരഐടി മന്ത്രാലയങ്ങൾ ചർച്ചനടത്തി. ആഭ്യന്തരമന്ത്രാലയം അന്തിമാനുമതി നൽകിയാൽ ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) ഇ-പാസിനുള്ള സാങ്കേതികസംവിധാനമൊരുക്കും.

നിലവിൽ, ഒരു സംസ്ഥാനത്തെ പാസ് വേറൊരു സംസ്ഥാനം അംഗീകരിക്കുന്നതിൽ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നത് തർക്കങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി പൊതുസംവിധാനമൊരുക്കാനാണ് കേന്ദ്രശ്രമം.

‘ആരോഗ്യസേതു’ ആപ്പുമായും ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് വിവരങ്ങളുമായും സംയോജിപ്പിച്ച് പൊതു ജാഗ്രതാസംവിധാനമൊരുക്കും. അതിനാൽ, ചുവപ്പുമേഖലയിൽനിന്ന് മറ്റുമേഖലകളിലേക്ക് സഞ്ചരിക്കുന്നവരുടെ വിവരം ലഭ്യമാവും. ഇങ്ങനെ ആളെ നിരീക്ഷിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത ഉറപ്പാക്കാനാവുമെന്ന് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇന്റർനെറ്റ് കണക്ഷനില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആപ്പ് വഴി ഇപാസ് പരിശോധിക്കാൻ സൗകര്യമുണ്ടാവും. സ്മാർട്ട് ഫോണില്ലാത്തവർക്കായി എസ്എംഎസ് സൗകര്യം ഏർപ്പാടാക്കും.

Exit mobile version