നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് കുടിയേറ്റ തൊഴിലാളികള്‍, അടിച്ചോടിച്ച് പോലീസുകാരന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍, ഒടുവില്‍ സസ്‌പെന്‍ഷന്‍

ബംഗളൂരു: ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ നാട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടെത്തിയ കുടിയേറ്റ തൊഴിലാളികളെ അടിച്ചോടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ബെംഗളൂരു കെ.ജി ഹള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാഹെബിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നാട്ടിലേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജി ഹള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെയാണ് പോലീസുകാരന്‍ മര്‍ദ്ദിച്ചത്. നാട്ടിലേക്ക് പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്ന് തൊഴിലാളികള്‍ നിലപാടെടുത്തു.

എഎസ്‌ഐ രാജാ സാഹെബ് ആണ് ഇവരെ പിന്തിരിപ്പിക്കാനായി എത്തിയത്. ഇദ്ദേഹം ആദ്യം അനുനയത്തില്‍ ഇവരെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെ രാജാ സാഹെബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കുടിയേറ്റ തൊഴിലാളികളെ സ്‌റ്റേഷനുമുന്നില്‍ വെച്ച് പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നിരവധി പേരാണ് പോലീസുകാരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

Exit mobile version