മദ്യം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്ന വിവരം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന് ഉത്തരവ്, പഞ്ചാബില്‍ വന്‍ വിവാദം

ചണ്ഡിഗഡ്: വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്കുന്ന കാര്യം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് വിവാദത്തില്‍. പഞ്ചാബിലാണ് സംഭവം. മുക്തര്‍ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് ലിറ്ററില്‍ കൂടുതല്‍ മദ്യം ഒരാള്‍ക്ക് വീട്ടില്‍ എത്തിച്ച് നല്കില്ലെന്നും ചൊവ്വാഴ്ച വൈകുന്നേരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്കുന്ന കാര്യം ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷമായ അകാലിദള്‍ രംഗത്ത് വന്നു. ദൈവനിന്ദ എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് അകാലിദള്‍ വക്താവ് ദല്‍ജീത് സിംഗ് ചീമ പറഞ്ഞു. സിഖ് ചരിത്രത്തിലെ ബഹുമാനിക്കപ്പെടുന്ന സ്ഥലമാണ് മുക്തര്‍ സാഹിബെന്നും ഭരണകൂടത്തിന്റെ വരുമാനത്തിനായുള്ള ആര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ മുക്തര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അരവിന്ദ് കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഗ്രാമത്തിലെ ഗുരുദ്വാരയിലെ ഉച്ചഭാഷിണി വഴി വിവരങ്ങള്‍ പ്രചരിപ്പിക്കണമെന്ന് പരാമര്‍ശിക്കുന്ന ഒരു ഉത്തരവ് അബദ്ധവശാല്‍ പുറത്തിറക്കിയെന്നും തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version