എഎപി സര്‍ക്കാരുമായി നിരന്തരം കലഹം; സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ മാത്രം തിരുത്തിയ ഗവര്‍ണര്‍; ; ഒടുവില്‍ ബന്‍വാരിലാല്‍ പുരോഹിത് പുറത്തേക്ക്

ന്യൂഡല്‍ഹി: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചതോടെ വീണ്ടും ചര്‍ച്ചയായി പഞ്ചാബ് സര്‍ക്കാരുമായി നീണ്ടനാളായി നടന്നുവന്ന കലഹം. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും രാജിവെച്ചതായി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച രാജി കത്തില്‍ പറയുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ രാജി.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബന്‍വാരിലാല്‍ പുരോഹിത് കണ്ടിരുന്നു. പിന്നാലെയാണ് രാജി തീരുമാനം. കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യത്തെ പരാജയപ്പെടുത്തി ചണ്ഡീഗഢില്‍ മേയര്‍ സ്ഥാനങ്ങള്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ അമിത് ഷായെ കണ്ടത്.

ഈ വിഷയത്തില്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതേസമയം, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് കാണിച്ച് പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതിരുന്ന ബന്‍വരിലാലിന്റെ നടപടി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

കടുത്ത അഭിപ്രായ ഭിന്നതയാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനിന്നിരുന്നത്. ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍ തീകൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.

also read- പ്രസംഗം കഴിഞ്ഞിട്ടും ‘ഭാരത് മാതാ കി ജയ്’ ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ സദസിനോട് കയര്‍ത്ത് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി

ഏറെ ദിവസത്തിന് ശേഷം നവംബറില്‍ നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളും ജനുവരി എട്ടിനാണ് ഗവര്‍ണര്‍ ഒപ്പുവെച്ച് തിരിച്ചയച്ചത്. മറ്റ് ബില്ലുകളിലും അദ്ദേഹം ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അന്ന് മന്‍ പറഞ്ഞിരുന്നത്. ഈ വിഷയത്തിലുള്‍പ്പടെ എഎപി സര്‍ക്കാരുമായി ഗവര്‍ണറുടെ ഭിന്നത തുടരുന്നതിനിടെയാണ് രാജി വാര്‍ത്ത പുറത്തെത്തിയത്.

Exit mobile version