പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നു, ആരോഗ്യസേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ആരോഗ്യസേതു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍.

നൂറ് ശതമാനം ജീവനക്കാരും ആപ്പ് ഉയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ ആപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ആരോപണം.ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതെന്നും ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ആരോഗ്യസേതുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുരുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ മറുപടിയുമായി കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. രാഹുല്‍ ഗാന്ധി ദിവസവും പുതിയ നുണകള്‍ പറയുകയാണെന്നും സാങ്കേതിക വിദ്യയെ കുറിച്ച് രാഹുലിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version