ഇതാണ് ഇന്ത്യ! ദിവസങ്ങളോളം കോവിഡ് രോഗികളെ ചികിത്സിച്ച് വീട്ടിലേക്കെത്തിയ ഡോക്ടറെ സ്വീകരിച്ച് പ്രിയപ്പെട്ടവര്‍; അഭിനന്ദിച്ച് പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും
കോവിഡ് മഹാമാരിയ്‌ക്കെതിരെ അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. മണിക്കൂറുകളോളം പിപിഇ കിറ്റുകള്‍ക്കും മുഖാവരണവും ധരിച്ച് ഏറെ പ്രയാസപ്പെട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന അവര്‍ക്ക് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും കിട്ടുന്നത് ഏറെ മോശപ്പെട്ട അനുഭവങ്ങളാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു ദിവസങ്ങളോളം കോവിഡ് രോഗികളെ പരിചരിച്ച് വീട്ടിലേക്ക് തിരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ബന്ധുക്കളും നാട്ടുകാരും നല്‍കിയ ഹൃദ്യമായ സ്വീകരണം.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ തീവ്രപരിചരണ വാര്‍ഡില്‍ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ സ്വീകരിക്കുന്നതാണ് വീഡിയോ. 20 ദിവസത്തെ ഇടവേളകളില്ലാത്ത സേവനത്തിനു ശേഷമാണ് ഡോക്ടര്‍ വീട്ടിലേക്ക് തിരിച്ചെത്തുന്നത്. അവരുടെ കുടുംബവും പരിസരവാസികളും ചേര്‍ന്ന് പ്രിയപ്പെട്ട ഡോക്ടറെ സ്വീകരിക്കുന്ന രംഗം ഹൃദയസ്പര്‍ശിയാണ്.

പ്ലക്കാര്‍ഡുകള്‍ പിടിച്ചും പുഷ്പങ്ങള്‍ വര്‍ഷിച്ചുമാണ് ഡോക്ടറെ അവര്‍ സ്വീകരിക്കുന്നത്. വീടിനു മുന്നില്‍ തന്നെ വരവേല്‍ക്കാനെത്തിയവരെ കാണുമ്പോള്‍ സന്തോഷം കൊണ്ട് ഡോക്ടറുടെ കണ്ണു നിറയുന്നുണ്ട്. അവര്‍ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേര്‍ത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
‘ഇതുപോലെയുള്ള നിമിഷങ്ങള്‍ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മള്‍ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് നമ്മള്‍ എന്നും അഭിമാനം കൊള്ളും’ മോഡി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version