ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍, കൊറോണ ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്, 23452 മരണം, ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം 23452 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് വെള്ളിയാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം മാത്രം 1752 പേര്‍ക്കുകൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 724 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 9 ലക്ഷം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം, 4813 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നത് രാജ്യത്തിന് നേരിയ ആശ്വാസം പകരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ആകെ കൊറോണ മരണങ്ങള്‍ 300 കടന്നു.24 മണിക്കൂറിനിടെ 18 പേര്‍ മരണപ്പെട്ടു. 394 പുതിയ കൊറോണ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 6817 ആയി ഉയര്‍ന്നു.

രാജ്യത്തെ കൊറോണ രോഗികളില്‍ നാലിലൊന്നും മഹാരാഷ്ട്രയിലാണ് എന്നതാണ് അവസ്ഥ. മുംബൈയില്‍ മാത്രം 4447 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 242 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 11 പേരാണ്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ കൊറോണ മരണങ്ങള്‍ 178 ആയി.

ഗുജറാത്തിലും സ്ഥിതിഗതികള്‍ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറില്‍ 191 പുതിയ കൊറോണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 15 കൊറോണ രോഗികള്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2815 ആയി. 127 രോഗികള്‍ മരണപ്പെട്ടു.

ചികിത്സയിലുള്ളവരില്‍ 29 പേര്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 265 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്.

ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ 2500 കടന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ 2514 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 138 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 3 കൊറോണ രോഗികളും കഴിഞ്ഞദിവസം മരണപ്പെട്ടു. ഇതോടെ ഡല്‍ഹിയിലെ കൊറോണ മരണങ്ങള്‍ 53 ആയി.

ഡല്‍ഹിയില്‍ ഇതുവരെ പരിശോധന നടത്തിയ 160 മാധ്യമ പ്രവര്‍ത്തകരുടേയും ഫലം നെഗറ്റീവായത് അല്‍പം ആശ്വസമായി. ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version