ഓഖ കുതിച്ചുപാഞ്ഞു; ലോക്ക്ഡൗണിൽ കഷ്ടത്തിലായ മറുനാടൻ മലയാളികൾക്കുള്ള തേങ്ങയും ചേമ്പും കാച്ചിലും കപ്പയുമായി; ഒപ്പം മരുന്നും മാസ്‌കുകളും

തൃശ്ശൂർ: സംസ്ഥാനത്തു നിന്നും ലോക്ക് ഡൗണിനുശേഷം വടക്കേ ഇന്ത്യയിലെ മലയാളികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുമായി ആദ്യത്തെ പാഴ്‌സൽ തീവണ്ടി ഓഖ കുതിച്ചു പാഞ്ഞു. ലോക്ക്ഡൗണിനു ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തിയ ഓഖ തീവണ്ടിയാണ് ബുധനാഴ്ച തിരിച്ചുപോയത്. പോകുമ്പോൾ മറുനാടൻ മലയാളികൾക്കുള്ള കപ്പയും തേങ്ങയും കൂർക്കയുമൊക്കെ മറക്കാതെ പാഴ്‌സലായി കൊണ്ടുപോയിട്ടുണ്ട്.

ഗോവയിലേക്കും ഗുജറാത്തിലേക്കുമാണ് ഇവ പ്രധാനമായും കയറ്റിപ്പോയത്. അടച്ചിടൽ തുടങ്ങിയശേഷം ആദ്യമായാണ് കപ്പയും തേങ്ങയും കേരളം കടക്കുന്നത്. എട്ട് ടണ്ണോളം ഇത്തരം ഭക്ഷ്യവസ്തുക്കൾ കയറ്റിവിട്ടത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽനിന്നായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഓഖയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ട്രെയിൻ രാത്രി ഒമ്പതിനാണ് ഓഖയ്ക്ക് മടങ്ങിയത്. കുമ്പളങ്ങ, മത്തങ്ങ, ചേന, ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, കൂർക്ക തുടങ്ങിയവയും പാഴ്‌സലായി പോയിട്ടുണ്ട്. തീവണ്ടിഗതാഗതം ഉണ്ടായിരുന്നപ്പോൾ പല തീവണ്ടികളിലായി ഇത്തരം സാധനങ്ങൾ കയറ്റിപ്പോകുകയായിരുന്നു പതിവ്.

കേരളത്തിൽനിന്ന് എട്ടര ക്വിന്റൽ മരുന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ട്രെയിനിൽ പോയിട്ടുണ്ട്. കൊല്ലത്തുനിന്നാണ് മരുന്ന് കൂടുതൽ അയച്ചത്. മംഗളൂരുവിൽ ഇറക്കാനുള്ള മരുന്നാണിത്. വസായി റോഡ്, സൂറത്ത്, രാജ്‌ക്കോട്ട്, പൻവേൽ എന്നിവിടങ്ങളിലേക്ക് 13 കിലോ മാസ്‌കുകളും കോട്ടയത്തുനിന്ന് കയറ്റിവിട്ടിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾ നടത്തുന്ന കടകളിലേക്കാണ് പച്ചക്കറികൾ പോവുന്നത്. ഗോവ കൂടാതെ അഹമ്മദാബാദ്, ജാംനഗർ, ബറോഡ എന്നിവിടങ്ങളിലേക്കാണ് തൃശ്ശൂരിൽനിന്നുള്ള പച്ചക്കറികൾ പോവുന്നത്. കോവിഡ് ഏറെ ബാധിക്കാത്തതിനാലാണ് ഗോവയിലേക്ക് സാധനങ്ങൾ കയറ്റിപ്പോവാൻ കാരണം. ഗോവയേക്കാൾ അളവിൽ സാധനങ്ങൾ ഗുജറാത്തിലേക്ക് മുമ്പ് പോയിരുന്നു. എന്നാൽ, ഈ സംസ്ഥാനത്ത് കോവിഡ് വലിയതോതിൽ ബാധിച്ചതിനാൽ കടകൾ തുറക്കുന്നില്ല.

Exit mobile version