പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍, ചരക്കുവിമാനങ്ങളില്‍ മൃതദേഹങ്ങള്‍ അയക്കുന്നതിനും വിലക്ക്

ദുബായ്: പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടെ ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.

കൊറോണ വൈറസ് വ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിശ്ചലമായിരുന്നു. ഇതോടെ ഗള്‍ഫ് നാടുകളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞു. പല മൃതദേഹങ്ങളും ഉറ്റവര്‍ക്ക് അവസാനമായൊന്ന് കാണാന്‍പോലും അവസരം ലഭിക്കാതെ ഗള്‍ഫ് മണ്ണില്‍ സംസ്‌കരിക്കുകയായിരുന്നു.

അതിനിടെയാണ് ഇന്ത്യയില്‍നിന്ന് എത്തുന്ന ചരക്കുവിമാനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ മൃതദേഹങ്ങളും കയറ്റിയയക്കാന്‍ അനുമതിയായത്. ഇത് പ്രവാസലോകത്തിന് ചെറിയൊരാശ്വാസമേകിയിരുന്നു. അതനുസരിച്ച് പൂര്‍ണമായും അണുവിമുക്തമാണെന്ന സര്‍ട്ടിഫിക്കറ്റോടെ നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി.

എന്നാല്‍ ഈ ഒരു അവസരമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ചരക്കുവിമാനങ്ങളില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ അയക്കേണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ നടപടി താത്കാലികമാണെന്നും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞദിവസം ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാനായിട്ടില്ല. ഇതോടെ മൃതദേഹങ്ങള്‍ ചൈന്നെ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ കിടക്കുകയാണ്.

Exit mobile version