ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ഘോഷയാത്ര, ജനങ്ങള്‍ രഥം വലിക്കുന്ന വീഡിയോ വൈറല്‍, സംഭവം രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയില്‍

ബംഗളൂരു: ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ജനങ്ങളോട് ആവര്‍ത്തിച്ച് പറയുമ്പോഴും പലരും ഈ വാക്കുകള്‍ കാറ്റില്‍പ്പറത്തുകയാണ്.

അത്തരത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില പോലും നല്‍കാതെ ലോക്ക് ഡൗണ്‍ ലംഘനം നടന്നിരിക്കുകയാണ് കര്‍ണാടകയില്‍. ആയിരങ്ങളുടെ പങ്കാളിത്തത്തോടെ കര്‍ണാടകയില്‍ മതഘോഷയാത്ര നടന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ കലബുരാഗി ജില്ലയിലെ ചിറ്റാപൂര്‍ താലൂക്കിലാണ് മതഘോഷയാത്ര സംഘടിപ്പിച്ചത്.

കര്‍ണാടകയില്‍ ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെയാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് ഘോഷയാത്ര അരങ്ങേറിയത്. സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായാണ് മതഘോഷയാത്ര സംഘടിപ്പിച്ചത്. ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള ഘോഷയാത്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഒരു രഥം വലിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാം. സാമൂഹിക അകലം പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നൂറില്‍പ്പരം ആളുകള്‍ തോളോട് തോള്‍ ചേര്‍ന്ന് രഥം വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല കൂടിയായ കലബുരാഗിയില്‍ നടന്ന ഘോഷയാത്ര വന്‍വിവാദത്തിലായിരിക്കുകയാണ്.

Exit mobile version