24 മണിക്കൂറിനിടെ 1117 രോഗബാധിതരും 32 മരണവും; കൊറോണ ഇന്ത്യയിലും പിടിമുറുക്കി, ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊറണ വൈറസ് ബാധിതരുടെ എണ്ണവും മരണവും കൂടുന്നു. രോഗബാധിതരുടെ എണ്ണം 11933 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 392 പേരാണ്. 24 മണിക്കൂറിനിടെ 1117 രോഗബാധിതരും 32 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ ശക്തമാക്കുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ നിസ്സാഹായാവസ്ഥയിലാണ് രാജ്യം. രോഗബാധ തടയുന്നതിന് രാജ്യത്തെ ജില്ലകളെയും ആശുപത്രികളെയും മൂന്നായി തരംതിരിച്ചാണ് പ്രതിരോധ നടപടികള്‍ തുടരുന്നത്.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3000ല്‍ എത്താറായി. മഹാരാഷ്ട്ര വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളില്‍ രോഗബാധിതര്‍ 1000 കടന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി.

ഈ സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ക്കായി ജില്ലകളെ ഹോട്ട്‌സ്‌പോട്ട്, നോണ്‍ ഹോട്ട്‌സ്‌പോട്ട്, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ തരം തിരിച്ചത്. 170 ഹോട്ട്‌സ്‌പോട്ട് ജില്ലകളും 207 നോണ്‍ ഹോട്ട്‌സ്‌പോട്ട് ജില്ലകളും 400 ഹരിത ജില്ലകളുമാണുള്ളത്. 170 ഹോട്ട്‌സ്‌പോട്ട് ജില്ലകളിലെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും.

അവശ്യ സര്‍വീസുകള്‍ മാത്രമേ ഈ മേഖലയില്‍ അനുവദിക്കൂ. ഇവിടങ്ങളില്‍ സ്വീകരിക്കേണ്ട മറ്റു നടപടികള്‍ കാബിനറ്റ് സെക്രട്ടറി സംസ്ഥാനത്തെ വിവിധ വകുപ്പ് തലവന്‍മാര്‍ക്കായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്. 207 നോണ്‍ ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ രോഗവ്യാപന തോത് പ്രത്യേക ടീമുകള്‍ പരിശോധിച്ച് വിശകലനം ചെയ്യും.

400 ഹരിത ജില്ലകളിലും ക്ലസ്റ്റര്‍ അധിഷ്ഠിത പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഡല്‍ഹിയില്‍ തുടരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ 10 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മെയ് ആദ്യ വാരം വരെ സമാന അവസ്ഥ ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്.

Exit mobile version