ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ചു; പിന്നാലെ യുവാവിന് കൊറോണ വൈറസ് ബാധ, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷയും

ഭോപ്പാല്‍: ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ച യുവാവിന് കൊവിഡ് ബാധ. വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു അയാള്‍ വീഡിയോയിലൂടെ പരിഹാസം ഉയര്‍ത്തിയത്. പിന്നാലെ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് എല്ലാ സുഹൃത്തുക്കളും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വീഡിയോയും ടിക് ടോക്കില്‍ പങ്കുവെച്ചു.

അധികൃതര്‍ ഇപ്പോള്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ വാങ്ങി വെച്ചിരിക്കുകയാണ്. ഇലക്ട്രീഷ്യനായി പ്രവര്‍ത്തിച്ചു വരുന്ന യുവാവിന് ടിക് ടോക്കില്‍ നിരവധി ആരാധകരുണ്ട്. മാസ്‌കിനെ പരിഹസിക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മധ്യപ്രദേശില്‍ ഇതുവരെ 532 കൊറോണകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version