കൊവിഡ് പോസിറ്റീവായ ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് അടിയന്തര പ്ലാസ്മ തെറാപ്പി

ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തരുണ്‍ ഗൊഗോയിക്ക് അടിയന്തര പ്ലാസ്മ തെറാപ്പി ചികിത്സ നടത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ഗുവാഹട്ടി മെഡിക്കല്‍ കോളേജില്‍ വച്ച് പ്ലാസ്മ തെറാപ്പി നല്‍കിയെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെ അറിയിച്ചു.

രാത്രി 11.30 ഓടെ തരുണ്‍ ഗൊഗോയിയുടെ രക്തത്തില്‍ ഓക്സിജന്റെ അളവ് 88 ശതമാനത്തിലേക്ക് എത്തി. തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ സംഘം പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 96 നും 97 നും ഇടയ്ക്കായി ഇപ്പോള്‍ ഓക്സിജന്‍ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്റില്‍ അറിയിച്ചു.

കൊവിഡ് പോസിറ്റീവായെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നും തരുണ്‍ ഗൊഗോയി ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഗൊഗോയിയുടെ ഭാര്യയ്ക്കും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്.

Exit mobile version