വില വെറും 30,000 കോടി രൂപ, പാട്ടേല്‍ പ്രതിമ വില്‍പ്പനയ്‌ക്കെന്ന് പരസ്യം, പിന്നാലെ പോലീസ് കേസ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ നര്‍മദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ വില്‍ക്കുന്നതിന് പരസ്യം. ഒഎല്‍എക്‌സിലാണ് പട്ടേല്‍ പ്രതിമ വില്‍പ്പനയ്ക്ക് വെച്ചതായി വ്യാജ പരസ്യം പ്രത്യക്ഷപ്പെട്ടത്. 30,000 കോടി രൂപയ്ക്കാണ് അജ്ഞാതനായ വ്യക്തി പരസ്യം നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

‘ഐക്യത്തിന്റെ പ്രതിമ’ വില്‍പ്പനയ്‌ക്കെന്ന പരസ്യം പ്രത്യക്ഷപ്പെട്ടതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു. കൊറോണ ബാധയെ ചെറുക്കുന്നതിന് ആശുപ്രതികളില്‍ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വില്‍ക്കുന്നതെന്നും ഒഎല്‍എക്‌സില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

വ്യാജ പരസ്യം നല്‍കിയ സംഭവത്തില്‍ ഉടന്‍ തന്നെ പോലീസ് കേസെടുത്തു. ഇതോടെ പരസ്യം പിന്‍വലിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധം, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്നീ നിയമങ്ങള്‍ പ്രകാരം വഞ്ചനയ്ക്കും മറ്റുമാണ് കേസെടുത്തതെന്ന് കെവാദിയ പോലീസ് അറിയിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്മാരകം വില്‍ക്കാന്‍ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. 182 അടി ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിര്‍മിച്ചത്.

Exit mobile version