‘വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി; സെന്‍സൊഡൈന് 10 ലക്ഷം രൂപ പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റ് കമ്പനിക്കെതിരെ ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി. സെന്‍സൊഡൈന്‍ കമ്പനിയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഏഴ് ദിവസത്തിനകം പരസ്യങ്ങള്‍ പിന്‍വലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

‘ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു’, ‘വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’ എന്നീ പരസ്യവാചകങ്ങള്‍ക്കെതിരെയാണ് നടപടി.

വിദേശ ദന്തഡോക്ടര്‍മാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്താന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഫെബ്രുവരി ഒമ്പതിന് ഉത്തരവിട്ടിരുന്നു. ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ സെന്‍സൊഡൈന്‍ നല്‍കുന്ന തെറ്റായ പരസ്യങ്ങള്‍ക്കെതിരെ സിസിപിഎ സ്വമേധയാ ആണ് നടപടികള്‍ ആരംഭിച്ചത്.

Read Also: കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടവും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും: അഞ്ചു വര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം; മന്ത്രി വിഎന്‍ വാസവന്‍

യുകെയിലെ ദന്തഡോക്ടര്‍മാര്‍ പല്ലിന്റെ സെന്‍സിറ്റിവിറ്റിക്ക് പരിഹാരമായി സെന്‍സൊഡൈന്‍ റാപ്പിഡ് റിലീഫ്, സെന്‍സൊഡൈന്‍ ഫ്രഷ് ജെല്‍ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യങ്ങളില്‍ പറയുന്നുണ്ട്.

‘ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു’, ‘വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’ എന്നീ പരസ്യവാചകങ്ങള്‍ക്ക് വിശദീകരണമായി കമ്പനി സമര്‍പ്പിച്ച് രണ്ട് മാര്‍ക്കറ്റ് സര്‍വേകളും ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുമായി മാത്രം നടത്തിയതായിരുന്നു.

പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ ലോകമെമ്പാടുമുള്ള ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ ഒരു സമഗ്രമായ പഠനവും സമര്‍പ്പിക്കാന്‍ കമ്പനിക്കായില്ല. അതിനാല്‍, അവകാശവാദങ്ങള്‍ക്ക് ഏതെങ്കിലും കാരണമോ ന്യായീകരണമോ ഇല്ലെന്ന് ഉപഭോക്തൃസംരക്ഷണ അതോറിറ്റി കണ്ടെത്തി.

Exit mobile version