വിവാദം കടുത്തു : ഷോട്ട് ബോഡി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനത്തെത്തുടര്‍ന്ന് വിവാദത്തിലായ ലെയര്‍ ഷോട്ട് ബോഡി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. വീഡിയോ റേപ്പിനെ പ്രോത്സാഹിപ്പിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്നുവെന്നും സ്ത്രീകളുടെ മാന്യതയ്ക്ക് ഹാനികരമാണെന്നും കാട്ടിയാണ് പരസ്യം പിന്‍വലിക്കാന്‍ യൂട്യൂബിനും ട്വിറ്ററിനും മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്ന യുവതിക്കരികിലേക്ക് നാല് യുവാക്കള്‍ കടന്നു വന്ന് ദ്വയാര്‍ഥത്തിലുള്ള സംഭാഷണം നടത്തുന്നതാണ് പരസ്യത്തിലെ സന്ദര്‍ഭം. ഇതില്‍, ഇവിടെ ഒരെണ്ണമേ ഉള്ളല്ലോ തങ്ങള്‍ നാല് പേരും എന്ന് യുവാക്കള്‍ അശ്ലീലച്ചുവയോടെ പറയുന്നുണ്ട്.

സമാനരീതിയില്‍ കിടക്കയിലിരിക്കുന്ന ഒരു യുവതിയുടെയും യുവാവിന്റെയും സമീപത്തേക്ക് ഇത്തരത്തില്‍ യുവാക്കള്‍ കടന്നു വന്ന് ഇതേ സംഭാഷണം നടത്തും. പെര്‍ഫ്യൂം ആണ് യുവാക്കള്‍ ഉദ്ദേശിച്ചതെന്ന് പെണ്‍കുട്ടി പിന്നീട് മനസ്സിലാക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

രണ്ട് വീഡിയോകളുമുള്‍പ്പെടുന്ന പരസ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. പരസ്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ചു. കൂട്ടബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമെന്നാണ് കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പരസ്യത്തെ വിശേഷിപ്പിച്ചത്. ഫര്‍ഹാന്‍ അക്തര്‍ അടക്കമുള്ള പ്രമുഖരും പരസ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സംഭവം വന്‍ വിവാദമായതോടെ വാര്‍ത്താ വിനിമയ മന്ത്രാലയം പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരസ്യ നിര്‍മാതാക്കള്‍ക്കെതിരെയും കമ്പനിയ്‌ക്കെതിരെയും അന്വേഷണം നടത്താനും മന്ത്രാലയം ഉത്തരവിട്ടു. ഇത്തരത്തില്‍ മുമ്പും അശ്ലീല പരാമര്‍ശങ്ങളടങ്ങിയ പരസ്യങ്ങളിറക്കി ലെയര്‍ കമ്പനി വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

Exit mobile version