യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി കാണാൻ എത്തുന്നവരേക്കാൾ കുടുതൽ പേർ പട്ടേൽ പ്രതിമ കാണാനെത്തുന്നു: പ്രധാനമന്ത്രി മോഡി

അഹമ്മദാബാദ്: കോടികൾ ചെലവഴിച്ച് നിർമ്മിച്ച് ഏറെ വിമർശനങ്ങൾ കേട്ട അഹമ്മദാബാദിലെ സർദാർ പട്ടേൽ പ്രതിമയെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി.ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സർദാർ പട്ടേൽ പ്രതിമ കാണാൻ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടു.

പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനകം 50 ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടുമെന്നും മോഡി പറഞ്ഞു.

പുതിയ യാത്ര സർവീസുകൾ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേർക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ സാധിക്കും. കേവാദിയ വലിയ ഉദാഹരണമാണ് എങ്ങനെ വളരെ ആസൂത്രിതമായി പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താം എന്നതിന്. പുതിയ റെയിൽ ഗതാഗത സംവിധാനം വലിയ രീതിയിൽ കേവാദിയയിലെ തൊഴിൽ സാധ്യതകളും, സ്വയം തൊഴിൽ സാധ്യതകളും കൂട്ടും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവും. ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണെന്നും മോഡി പറഞ്ഞു.

Exit mobile version