കൊറോണ; ഏപ്രില്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യയില്‍ മരണ സംഖ്യയും രോഗികളുടെ എണ്ണവും കൂടും, വരുന്ന ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകം, ഐസിഎംആര്‍

ന്യൂഡല്‍ഹി: വരുന്ന ആഴ്ചകള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് ഐസിഎംആര്‍. ഏപ്രില്‍ മാസം അവസാനം വരെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടൊണ് ഐസിഎംആര്‍ വിലയിരുത്തുന്നത്. അതിനാല്‍ വരുംദിവസങ്ങളിലങ്ങോട്ട് രാജ്യത്ത് കനത്ത ജാഗ്രത വേണം.

ദിനംപ്രതി രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നലെ മാത്രം 478 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3000ന് അടുത്തെത്തി. മരണസംഖ്യ 85 കടന്നു. അതിനിടെ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

തബ്‌ലീഗി ജമാഅത്ത് സംഗമം നടന്നില്ലായിരുന്നുവെങ്കില്‍ രോഗബാധിതരുടെ എണ്ണം 62 ശതമാനം കുറയ്ക്കാമായിരുന്നു എന്നാണ് ഐസിഎംആര്‍ കരുതുന്നത്. സംഗമത്തില്‍ പങ്കെടുത്ത 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 9000 പേരെ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്രയും അധികം പേര്‍ അടുത്തിടപഴകിയവരെ കണ്ടെത്തുക എളുപ്പമല്ല.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 478 പേരില്‍ 92 പേര്‍ ഡല്‍ഹിയില്‍ നിന്നും 67 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ആണ്. 24 മണിക്കൂറിനിടെ 7 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 2 പേരുടെ അന്തിമ പരിശോധനഫലം മരണശേഷമാണ് വന്നത്. രാജ്യത്തെ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 11,092 കോടി അനുവദിച്ചിട്ടുണ്ട്. ദുരന്ത നിവാരണ ഫണ്ട് വഴിയാണ് തുക നല്‍കിയിട്ടുള്ളത്.

Exit mobile version