വാങ്ങാന്‍ ആരുമില്ല, ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കി ക്ഷീരകര്‍ഷകര്‍

ബംഗളൂരു: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കച്ചവടക്കാര്‍, ദിവസക്കൂലിക്കാര്‍ തുടങ്ങി പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെ ലോക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ക്ഷീരകര്‍ഷകര്‍ക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്നാണ് കര്‍ണാടകയില്‍ ചൊവ്വാഴ്ച ഉണ്ടായ സംഭവം വ്യക്തമാക്കുന്നത്.

ആവശ്യക്കാര്‍ കുറഞ്ഞതും വാഹനങ്ങളില്ലാത്തതിനാല്‍ പാല്‍ വിതരണം നടക്കാതെയും വന്നതോടെ ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍ കനാലില്‍ ഒഴുക്കിയത്. പാല്‍ വില്‍പ്പനയിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന റെയ്ബാഗ് താലൂക്കിലെ പല്‍ഭവി ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ ഗതികേടുണ്ടായത്.

40 കന്നാസുകളിലാണ് പാല്‍ ശേഖരിച്ചിട്ടുള്ളത്. ഓരോന്നിലും 25 ലിറ്റര്‍ പാല്‍ വരും. അങ്ങിനെ ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് കനാലില്‍ ഒഴുക്കിയത്. വാഹനങ്ങളില്ലാത്തത് മൂലം പാല്‍ വിതരണം നടക്കാത്ത അവസ്ഥയാണെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

Exit mobile version