ഒരുമിച്ച് കൈയ്യടിച്ചാല്‍ കൊറോണയെ തുരത്താന്‍ കഴിയില്ല, കൈയ്യടിക്കാന്‍ പറഞ്ഞത് സമൂഹത്തിന് വേണ്ടി സ്വയം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍; വ്യാജ വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദസര്‍ക്കാര്‍ ഇന്ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്ന അടിയന്തര മേഖലകളിലുള്ളവരോട് നന്ദി പ്രകടിപ്പിക്കാന്‍ വൈകുന്നേരം 5 മണിക്ക് കൈയ്യടിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

വീട്ടിനുള്ളിലോ വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നിന്ന് കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങളില്‍ കൊട്ടിയോ അവരോട് നന്ദി പറയണമെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി വ്യാജപ്രചാരണങ്ങളും ഉടലെടുത്തു. ഒരുമിച്ച് കൈയടിച്ചാല്‍ കൊറോണവൈറസ് ബാധയെ തുരത്താമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരെ പ്രചരിച്ചു.

ഇത്തരം പ്രചാരണങ്ങളെ എതിര്‍ത്തുകൊണ്ട് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരുമിച്ച് കൈയടിച്ചാലുണ്ടാകുന്ന തരംഗം കൊറോണവൈസ് അണുബാധയെ നശിപ്പിക്കില്ലെന്നും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കൈയടിക്കാന്‍ പറഞ്ഞത് അടിയന്തര മേഖലകളിലുള്ളവരോട് നന്ദി പ്രകടിപ്പിക്കാനാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഭീതി പരത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം ജനങ്ങളെ ആദരിക്കുന്നതിനായി ജനതാ കര്‍ഫ്യുവിനിടയില്‍ അല്പസമയം മാറ്റിവെക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നത്. സര്‍ക്കാരുദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, റെയില്‍വേ-വിമാന ജോലിക്കാര്‍, പോലീസുദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥസേവനങ്ങള്‍ക്ക് ജനങ്ങളുടെ ആദരം നല്കണമെന്നും ഇതിനായി ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് അഞ്ചു മിനിറ്റ് സമയം നീക്കിവെക്കണമെന്നും മോഡി അറിയിച്ചു.

Exit mobile version