നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വൈറല്‍ വീഡിയോ

മോഡിയെ സ്വാഗതം ചെയ്ത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞത്.

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബൈയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. മോഡിയെ സ്വാഗതം ചെയ്ത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞത്.

വെള്ളിയാഴ്ച വൈകിട്ടാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാകയുടെയും നരേന്ദ്ര മോഡിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതും മോഡിയെ സ്വാഗതം ചെയ്തതും. ത്രിവര്‍ണമണിഞ്ഞ ബുര്‍ജ് ഖലീഫയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.

അബുദാബി പ്രസിഡന്ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോഡിയെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.


യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സന്ദര്‍ശനം നിര്‍ണായകമാവും. ഇക്കാര്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചേക്കും.

Exit mobile version