മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യണം, തൂക്കിലേറ്റിയ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു; താന്‍ വരച്ച പെയിന്റിംഗുകള്‍ ജയിലില്‍ സൂക്ഷിക്കണമെന്ന് വിനയ് ശര്‍മ്മയും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇന്ന് രാവിലെ 5 30ഓടെയാണ് നടപ്പിലാക്കിയത്. പ്രതികളായ വിനയ് ശര്‍മ്മ, അക്ഷയ് സിംഗ് താക്കൂര്‍,പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്. ജീവിതം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മുകേഷ് സിംഗ് തന്റെ അവയവങ്ങള്‍ ദാനം നടത്താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അറിയിച്ചിരുന്നതായി തിഹാര്‍ ജയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 4.45 ഓടെ ജില്ലാ മജിസ്‌ടേറ്റ് നേഹല്‍ ബന്‍സാല്‍ സെല്ലിലെത്തിയപ്പോഴാണ് പ്രതികള്‍ തങ്ങളുടെ അവസാന ആഗ്രഹം എഴുതി അറിയിച്ചത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുകേഷ് സിംഗ് ജയില്‍ അധികൃതരെ സമ്മതം അറിയിച്ചിരുന്നതായും ജയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മ താന്‍ വരച്ച പെയിന്റിംഗുകള്‍ ജയിലില്‍ സൂക്ഷിക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹനുമാന്‍ ചാലിസയും താന്‍ സൂക്ഷിക്കുന്ന ഒരു ഫോട്ടോയും കുടുംബത്തിന് കൈമാറണമെന്നും പ്രതി ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ മറ്റ് പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ ഒരു ആഗ്രഹവും പ്രകടിപ്പിച്ചിരുന്നില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version