‘മമ്മൂക്ക മാപ്പ്’, മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരിൽ കുപ്പികൾ വാരിക്കൂട്ടിയ കഥ പറഞ്ഞ് മുകേഷ്

നായർസാബ് എന്ന ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കാലത്തെ രസകരമായ അനുഭവം പറഞ്ഞും നടൻ മമ്മൂട്ടിയോട്ട് മാപ്പ് ചോദിച്ചും നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്. ‘മുകേഷ് സ്പീക്കിങ്’ എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിൽ ‘മമ്മൂക്ക മാപ്പ്’ എന്ന വീഡിയോയിലൂടെയാണ് മുകേഷ് മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരിൽ മദ്യക്കുപ്പികൾ സംഘടിപ്പിച്ചിരുന്ന കാര്യം ഓർത്തെടുക്കുന്നത്.

മുകേഷിന്റെ വാക്കുകളിങ്ങനെ:
ഈ വിവരം മമ്മൂട്ടി പോലും അറിയുന്നത് ഇപ്പോഴായിരിക്കുമെന്നും മുകേഷ് പറയുന്നു. നായർ സാബിന്റെ ഷൂട്ടിങ് കാശ്മീരിലെ പട്ടാള ക്യാംപിൽ നടക്കുന്നതിനിടെയാണ് സംഭവം. അവിടുത്തെ പട്ടാള കാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ മലയാളിയായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ ആരാധകനും. ഇതുമുതലെടുത്താണ് മിലിട്ടറി ക്യാന്റീനിൽ നിന്നും വിലക്കുറവിൽ ലഭിച്ചിരുന്ന മദ്യം സൗജന്യമായി മുകേഷും മറ്റ് താരങ്ങളും തരപ്പെടുത്തിയിരുന്നത്.

മമ്മൂട്ടി ആരാധകനായ മേലുദ്യോഗസ്ഥൻ തങ്ങൾക്ക് എല്ലാ സഹായവും ചെയ്തു തരണമെന്ന് ജൂനിയർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. അങ്ങനെ ഒപ്പമുള്ള നടന്റെ പിറന്നാൾ വന്നു. പാർട്ടി നടത്താൻ ഒരു കുപ്പി വേണമെന്ന് അവർ എന്നോട് പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാൻ ഈ കാര്യം ഉദ്യോഗസ്ഥനോട് പറഞ്ഞു. അദ്ദേഹം ആവേശത്തോടെ ഒരു കുപ്പി എത്തിച്ചു. 300 രൂപയുടെ കുപ്പിയ്ക്ക് അവിടെ 100 രൂപ മാത്രമേ വിലയുള്ളൂ.ഈ വിവരം എല്ലായിടത്തും ചർച്ചയായി. എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാൻ ചോദിക്കില്ലെന്ന് പറഞ്ഞപ്പോൾ അവർ എന്നെ നിർബന്ധിച്ചു. ഒടുവിൽ ഞാൻ ജൂനിയർ ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. ഒരു ചെറിയ കാര്യമുണ്ട്. ബർത്ത് ഡെ സെലിബ്രേഷനിൽ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂർവമായെ കഴിക്കാറുള്ളു. ഞങ്ങൾ നിർബന്ധിച്ചപ്പോൾ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാമെന്ന്. ഒരു ബോട്ടിൽ കൂടി കിട്ടുമോ എന്നും ചോദിച്ചു.

ഇതുകേട്ടതും ഉദ്യോഗസ്ഥൻ പറഞ്ഞു, ‘രണ്ട് ബോട്ടിൽ തരാം എന്റെ കെയർ ഓഫിൽ തന്നെ, പൈസ വേണ്ട എന്ന്. പൈസ വാങ്ങണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും മദ്യം കഴിക്കാത്ത മമ്മൂക്ക ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥന് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താൻ എല്ലാം നന്നായി നോക്കുന്നുണ്ടെന്ന് മമ്മൂക്കയോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു.ദിവസവും അദ്ദേഹം മമ്മൂക്കയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സർ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും. അങ്ങനെ കുറേ ദിനങ്ങൾ. ഒടുവിൽ ഷൂട്ടിങ് തീരുന്ന ദിനം ഉദ്യോഗസ്ഥൻ മമ്മൂക്കയോട് വന്നു പറഞ്ഞു, ‘കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ’ എന്ന്. മമ്മൂക്ക ചോദിച്ചു ‘എന്ത്’, ‘അല്ല ക്യാന്റീനിൽ നല്ല ഇനം വന്നിട്ടുണ്ട്’ ഓഫിസർ പറഞ്ഞു. വേണ്ട കാറിനകത്ത് ഒന്നും കയറ്റേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഇദ്ദേഹം തിരിച്ചുപോയപ്പോൾ മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, ‘അദ്ദേഹം എന്താണ് പറഞ്ഞതെന്ന്’. ഞാൻ പറഞ്ഞു, ആത്മാർത്ഥ കൂടുതലാണ്. ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറിൽ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്. പിന്നീട് മമ്മൂക്കയുടെ വീട്ടിൽ 200 മിക്‌സി ഉണ്ടെന്ന് ഞാൻ പറഞ്ഞു, അതും ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതാണെന്നും. എന്തായാലും തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇന്നായിരിക്കും അദ്ദേഹം ഈ സത്യം അറിയുന്നത്, മമ്മൂക്ക മാപ്പ്.- മുകേഷ് പറഞ്ഞുനിർത്തുന്നു.

Exit mobile version