സുനാമി പോലെ കൊറോണയും രാജ്യത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത അത്ര വലിയ സാമ്പത്തിക തകർച്ച ഉണ്ടാക്കും: വിഡ്ഢികളെ പോലെ കേന്ദ്രം ചുറ്റിത്തിരിയുകയാണ്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്നത് കാരണം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത ആറുമാസം ചിന്തിക്കാൻ പോലും സാധിക്കാത്തത്ര വലിയ സാമ്പത്തിക തകർച്ചയായിരിക്കും രാജ്യം നേരിടേണ്ടി വരിക എന്നും ഇതിന്റെ യാതനകൾ അനുഭവിക്കേണ്ടി വരിക ജനങ്ങളാണെന്നും രാഹുൽ പറയുന്നു. കോവിഡ് 19 രാജ്യത്തെ ബാധിച്ചതിനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കോവിഡ് 19-നെ പ്രതിരോധിക്കാന് മാത്രമല്ല, വരാൻ പോകുന്ന സാമ്പത്തിക തകർച്ചയെ നേരിടാനും ഇന്ത്യ തയ്യാറെടുക്കേണ്ടതുണ്ട്. ഞാനത് വീണ്ടും വീണ്ടും പറയുകയാണ്. ഇക്കാര്യം പറയുന്നതിൽ എനിക്ക് ഖേദമുണ്ട്, പക്ഷേ അടുത്ത ആറുമാസത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കൊടിയ യാതനകളിലൂടെയാണ് ജനങ്ങൾ കടന്നുപോകേണ്ടി വരികയെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

കൊറോണ കാലത്തെ ഈ അവസ്ഥയെ സുനാമി സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലുണ്ടായ ഒരു സംഭവം കഥ പോലെ അവതരിപ്പിച്ചാണ് രാഹുൽ പ്രത്യാഘാതം വിവരിച്ചത്. ‘ഞാൻ നിങ്ങളോട് ഒരു കഥപറയാം. ആൻഡമാൻ നിക്കോബാറിൽ സുനാമി വരുന്നതിന് മുമ്പ് കടൽവെള്ളം ഉൾവലിഞ്ഞു. വെള്ളം വലിയ രീതിയിൽ കുറഞ്ഞതോടെ തദ്ദേശവാസികൾ മീൻപിടിക്കാനായി കടലിലേക്കിറങ്ങി. ആ സമയത്താണ് വെള്ളം ക്രമാതീതമായി ഉയർന്നത്. ഞാൻ സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ്. അവർ വിഡ്ഢികളെപ്പോലെ ചുറ്റിത്തിരിയുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണ അവര്ക്കില്ല. കൊറോണ വൈറസ് എന്ന്പറയുന്നത് സുനാമി പോലെയാണെന്നും രാഹുൽ പറഞ്ഞു.

Exit mobile version