കൊറോണ; കര്‍ണാടകയില്‍ രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു;സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം പത്തായി

ബംഗളൂരു: കര്‍ണാടകയില്‍ രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് മടങ്ങിവന്ന 20 വയസുള്ള യുവതിക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അറുപതുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്തായി.

രാജ്യത്ത് ഇതുവരെ 125 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിരവധി പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ഗള്‍ഫില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തി. താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചു.സ്വിമ്മിംഗ് പൂളുകളും മാളുകളും ഉള്‍പ്പടെയുള്ളവ അടച്ചിടണമെന്നും അറിയിച്ചിട്ടുണ്ട്.

യുഎഇ,ഖത്തര്‍,ഒമാന്‍, കുവൈത്ത്, എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. യൂറോപ്പ്, യുകെ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് 18 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തി.

Exit mobile version