കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിലൂടെ രോഗം പകരില്ല; ആശങ്ക വേണ്ടെന്ന് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ചുമ വഴിയും, ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം മറ്റുളളവരിലേക്ക് പകരുകയുളളൂ. അതിനാല്‍ രോഗം ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിധത്തിലുളള അപകടവും ഇല്ലെന്നും രണ്‍ദീപ് ഗുലേറിയ പറയുന്നു.

കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചയാളെ മറവുചെയ്യാന്‍ സമ്മതിക്കാത്ത സംഭവങ്ങളും, രോഗം പകരുമെന്ന ഭീതിയില്‍ മരിച്ചവരുടെ വീടുകളില്‍ നാട്ടുകാര്‍ പോകാത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ പ്രതികരണം.

അതെസമയം രാജ്യത്ത് കൊറോണ ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ഒരു കര്‍ണാടക സ്വദേശിയും ഒരു ഡല്‍ഹി സ്വദേശിയുമാണ് മരണപ്പെട്ടത്. അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നു.

Exit mobile version