കത്ത് ചെറുതായി മടക്കി ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി നല്‍കിയാണ് മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത്;തുറന്ന് പറഞ്ഞ് മകള്‍

ശ്രീനഗര്‍: ചപ്പാത്തിക്കുള്ളില്‍ കത്ത് ഒളിപ്പിച്ച് നല്‍കിയാണ് തടവില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയതെന്ന് മകള്‍ ഇല്‍തിജ മുഫ്തിയുടെ വെളിപ്പെടുത്തല്‍. മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രഹസ്യമായിരുന്ന ഇക്കാര്യം ഇല്‍തിജ വെളിപ്പെടുത്തിയത്.

ആറ് മാസമായി തടവില്‍ കഴിയുകയാണ് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി. ഇവരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ മകള്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ കത്ത് ചെറുതായി മടക്കിയെടുത്ത് ചപ്പാത്തിക്കുള്ളില്‍ ഉരുട്ടി ഉച്ചഭക്ഷണ ബോക്‌സില്‍ ഒളിപ്പിച്ചാണ് മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്ന് മകള്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന മകള്‍ ഇല്‍തിജ ഇതിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ‘അയച്ച കത്തിന് മറുപടി അയയ്ക്കാനുള്ള വഴി കണ്ടെത്തിയത് മുത്തശ്ശിയാണെന്നും താന്‍ എഴുതിയ കത്ത് ചെറുതായി മടക്കി ശ്രദ്ധാപൂര്‍വ്വം ഉരുട്ടി ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കുകയുമായിരുന്നെന്നും ഇല്‍തിജ കുറിച്ചു.

‘അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത ആഴ്ച താന്‍ ഒരിക്കലും മറക്കില്ല. അവരുടെ പക്കല്‍നിന്ന് ഒരു കുറിപ്പ് ലഭിക്കും വരെയുള്ള ദിവസങ്ങള്‍ ഉത്കണ്ഠ നിറഞ്ഞതായിരുന്നുവെന്നും” ഇല്‍തിജ പറയുന്നു.

Exit mobile version