അധോലോക നേതാവ് ഛോട്ടാ രാജനൊപ്പം യുവാവായ മോഡി; വ്യാജപ്രചരണങ്ങളുടെ തലവന്മാരായ സംഘപരിവാറിന് തിരിച്ചടിയായി പഴയ ചിത്രം; നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണങ്ങളും ഫോട്ടോഷോപ്പിലൂടെയുള്ള കള്ളത്തരങ്ങളും രാഷ്ട്രീയ ആയുധമാക്കുന്നതിൽ മുൻനിരയിലുള്ള ബിജെപിക്ക് ഇത്തവണ പണി പാളിയിരിക്കുകയാണ്. വ്യാജപ്രചാരണത്തിന് മുന്നിൽ നിൽക്കുന്ന സംഘപരിവാറിന് തിരിച്ചടിയായി സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു ചിത്രമാണ് വൈറലാകുന്നത്. അധോലോക നേതാവ് ഛോട്ടാരാജന്റെ കൂടെ നിൽക്കുന്ന മോഡി എന്ന തലക്കെട്ടിലാണ് ചിത്രം പ്രചരിക്കുന്നത്. യുവാവായ മോഡിയാണ് ചിത്രത്തിലുള്ളത്. എന്നാൽ ഇത് മോഡിയുടെ ചിത്രം തന്നെ ആണെങ്കിലും ഈ സത്യം അപൂർണ്ണമായതാണെന്ന് ബിജെപിയും ബൂം ലൈവ് മീഡിയയും വിശദീകരിക്കുന്നു.

ഒക്ടോബറിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഛോട്ടാരാജന്റെ സഹോദരനായ ദീപക് നികാൽജി എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയായിരുന്നു സോഷ്യൽമീഡിയ പഴയചിത്രം പൊടിതട്ടിയെടുത്ത് പ്രചാരണത്തിന് മുൻകൈയ്യെടുത്തത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പൽറ്റൻ നിയമസഭാ സീറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ടിക്കറ്റിലായിരുന്നു ദീപക് നികാൽജി മത്സരിച്ചത്. ഛോട്ടാ രാജനുമായി മോഡിക്കുള്ള ബന്ധമാണ് ദീപകിനെ എൻഡിഎ ഘടകക്ഷി പിന്തുണയ്ക്കാൻ കാരണമെന്നായിരുന്നു ചിത്രം പ്രചരിപ്പിച്ചുകൊണ്ടുള്ള പ്രധാന ആരോപണം. ചിത്രങ്ങളിൽ ഇരുവരുടേയും പിന്നിലുള്ള ആൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവന്ദ്ര ഫഡ്‌നാവിസ് ആണെന്നും പ്രചാരണത്തിലുണ്ടായിരുന്നു.

എന്നാൽ ചിത്രത്തിലുള്ള യുവാവ് മോഡി തന്നെയാണെങ്കിലും അദ്ദേഹത്തിന് തൊട്ടടുത്ത് നിൽക്കുന്നത് ഛോട്ടാ രാജൻ അല്ലെന്നാണ് ബൂം ലൈവിന്റെ കണ്ടെത്തൽ. 2014 സെപ്തംബറിൽ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രമായിരുന്നു വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. മോഡി ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൽ ഫട്‌നാവിസിന്റെയും ഛോട്ടാ രാജന്റെയും മുഖം ഫോട്ടോഷോപ്പ് ചെയ്ത് ചേർത്തതാണെന്നും ബൂം ലൈവ് കണ്ടെത്തി. നരേന്ദ്ര മോഡിയുടെ അടുത്ത അനുയായി ആയ സുരേഷ് ജാനി ന്യൂയോർക്ക് വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രത്തിമായിരുന്നു ഫോട്ടോഷോപ്പ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.

1993 ൽ ഉള്ളതാണ് ചിത്രം. 2015 മുതൽ തന്നെ വ്യാജ കുറിപ്പോടെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണത്തിലുണ്ടെന്നും ബൂം ലൈവിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version