കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമ ബംഗാളും; റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും

കൊല്‍ക്കത്ത: കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമ ബംഗാളും പൗരത്വ നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

റിപ്പബ്ലിക്ക് ദിനത്തിന്റെ തൊട്ടടുത്ത ദിനമായ ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടടുത്ത ദിവസം തെരഞ്ഞെടുക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം പ്രമേയം അവതരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു.

കേരളത്തിന്റെ ചുവട് പിടിച്ച് നേരത്തെ പൗരത്വ നിയമത്തിന് എതിരെ പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. കൂടാതെ രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.

Exit mobile version