ബൈക്കില്‍ ബാഗ് വെച്ച് കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ബാഗ് അടിച്ചു മാറ്റി; മോഷണം പോയത് രണ്ട് ലക്ഷം രൂപയും, 300 ഗ്രാം സ്വര്‍ണ്ണവും, 13 കിലോഗ്രാം വെള്ളിയും

ഹൈദരാബാദ്: ഹൈദരാബാദില്‍ പട്ടാപകല്‍ റോഡില്‍ നിന്നും കട ഉടമയുടെ ബാഗുമായി കടന്ന് കളഞ്ഞ് ഒരു സംഘം. ബൈക്കിലെത്തിയ ഉടമ കട തുറക്കുന്നതിനിടെയാണ് സംഘം ബാഗ് മോഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തി രണ്ട് മോഷ്ടാക്കളാണ് ബാഗ് കവര്‍ന്നത്. അതേസമയം ബാഗില്‍ 300 ഗ്രാം സ്വര്‍ണ്ണവും 13 കിലോഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയും ഉണ്ടായിരുന്നതായി ഉടമ വ്യക്തമാക്കി.

മോഷണം നടത്തുന്നതിന്റെ ദൃശ്യം തൊട്ടടുത്ത കെട്ടിടത്തിലെ ക്യാമറയില്‍ പതിഞ്ഞിരിന്നു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബൈക്കിലെത്തിയ ഉടമ, ബാഗ് ബൈക്കില്‍ തന്നെ വച്ച് തന്റെ കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗുമായി കടന്നുകളഞ്ഞത്. ഇതുകണ്ട ഉടമ തന്റെ ബൈക്കെടുത്ത് പിന്നാലെ പോകുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്

സംഭവത്തില്‍ ഉടമ പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിനാല്‍ അന്വേഷണം എളുപ്പമായതായും പോലീസ് അറിയിച്ചു.

Exit mobile version