സാധാരണക്കാരുടെ പ്രശ്‌നങ്ങൾ താൽപര്യമില്ല; മോഡിയുടെ ബജറ്റ് യോഗങ്ങളെല്ലാം അതിസമ്പന്നരായ വ്യവസായ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേർത്ത പൊതുബജറ്റിന് മുന്നോടിയായുള്ള യോഗങ്ങളെ വിമർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ഡൽഹിയിൽ മോഡി വിളിച്ചുചേർത്ത വിപുലമായ ബജറ്റ് യോഗങ്ങൾ വ്യവസായ മുതലാളി സുഹൃത്തുകൾക്കും അതിസമ്പന്നർക്കും വേണ്ടി മാത്രം മാറ്റിവെച്ചുുവെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളിൽ മോഡിക്ക് യാതൊരു താത്പര്യമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തെ കർഷകരും വനിതകളും യുവാക്കളും വിദ്യാർത്ഥികളും തൊഴിലാളികളും ചെറുകിട വ്യവസായികളും അടങ്ങുന്ന വലിയൊരു വിഭാഗം നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആശങ്കയും കേൾക്കാൻ മോഡിക്ക് ഒരു താത്പര്യവുമില്ലെന്നും രാഹുൽ വിശദീകരിച്ചു.

അതേസമയം, സാമ്പത്തിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും വ്യവസായ പ്രമുഖരും ഉൾപ്പടെയുള്ളവരുമായി കഴിഞ്ഞ ദിവസം മോഡി നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. ഇതിനേയും കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ എന്നിവരാണ് യോഗത്തിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.

Exit mobile version